Saturday, April 11, 2015

ഈ പാതയിൽ ഇനിയും

മധുരം പതിനേഴിനല്ല കുട്ടിക്കാലത്തെ ഓർമ്മകൾക്കാണന്നു നമ്മുടെ പല ഓർമ്മകളും നമ്മെ അറീക്കാറുണ്ട്.അത്തരം ഓർമ്മകളിൽ പലപ്പോഴും ഓർക്കാറുള്ള ഓരു 'ചളി ' ഓർമ്മ
പ്രായം പാതി എട്ടിന്റെ നിറവ് ,"നാലാം വയസ്സിൽ നട്ടപ്പിരാന്ത്‌ " എന്നാണ ല്ലൊ..?അർദ്ധ  നഗ്നനായ പക്കീർ (എന്നെപ്പറ്റിയാ ),വൃണത്താൽ അലങ്കൃതമായ പ്രിഷ്ടം,നർക്കുടകം തുളുമ്പി തെറിച്ചുണങ്ങിയ പാടിനാൽ പിരിച്ചു വച്ച മീശ,സദാ ആനന്ദിതനായ ട്രൗസർ.ഇതാണ് എന്റെ ഒരു ചെറിയ കോലം
മണ്ണിന്റെ രുചിയും മണവും എനിക്ക് വളരെ പ്രിയമായിരുന്നു,മുറ്റത്തും തെങ്ങിൻ തടത്തിലും റോഡരികിലും കെട്ടി നിൽകുന്ന വെള്ളത്തിൽ നീന്തി തുടിക്കാൻ കൊതിച്ചിരുന്ന സമയം. അന്നത്തെ എന്റെ വലിയ കൂട്ട് എന്റെ വല്ല്യുമ്മയായിരുന്നു.
                        ഇനി കാര്യത്തിലോട്ടു  കടക്കാം ഒരു ദിവസം വൈകുന്നേരം വല്ല്യുമ്മയോടൊത്ത് കടയിൽ പോയതായിരുന്നു . കടയിൽ നിരനിരയായി വച്ച വർണാഭമായ മിഠായി ഭരണികളേക്കാളും  എന്റെ കണ്ണുകൾക്ക് ഇമ്പമേകിയത് റോഡരികിലെ ചളിവെള്ളമായിരുന്നു. ഞാൻ പതിയെ ഒന്ന് തിരിഞ്ഞു നോക്കി,മണ്ണിന്റെ ഗന്ധം നുകരാൻ കുഴികൾ എന്നെ മാടി വിളിച്ചു.വല്ല്യുമ്മ അറിയാതെ ഞാൻ പതിയെ പോയി ആരുമില്ലെന്ന് ഉറപ്പായപ്പോൾ ആ കുഴിയിലോട്ടിറങ്ങി.മഴക്കാലമായിരുന്നു, പ്രകൃതിയെ വികൃതമാക്കി പറിച്ചു നട്ട കരിങ്കൽ ചീളുകളോ ചെമ്മണൽ തരിമ്പോ കലരാത്ത തനി നാടൻ വയലോര പാത. കുഴിലിറങ്ങി തപ്പടിച്ചും നീന്തി പഠിച്ചും പുഞ്ചിരി തൂകുന്ന ആ നിഷ്കളങ്ക ബാല്യം. പെടുന്നനെ ആ കുഞ്ഞു മൂർദ്ധാവു പിളർക്കാൻ ഒരു കാലത്ത് ഇടതു പക്ഷത്തിന്റെ ഉറക്കം കെടുത്തിയ ആ ഭീകര യന്ത്രം(ട്രാക്ടെർ) കടന്നു വരുന്നു. പാവം വണ്ടിക്കാരൻ അത് ഞാനാണന്നറിഞ്ഞിട്ടില്ല.ദൂരെ നിന്ന് നോക്കിയാൽ അകാലത്തിൽ അമ്മയുടെ മാറിൽ നിന്നും തെന്നിവീണ തേങ്ങ(ഞങ്ങൾ തൊണ്ട്,മുത്തല എന്നീ ഓമനപ്പേരിൽ വിളിക്കുന്ന)യാണന്നെ തോന്നു. ഭീമാകാരമായ ചക്രം ഉരുട്ടി ആ യന്ത്രം എനിക്കു നേരെ കടന്നു വരുന്നു .
                             അപ്പുറത്ത് വെല്ല്യുമ്മ എന്നെ തിരഞ്ഞു നടക്കുകയാ,കടയുടെ പിൻ ഭാഗത്തും അടുത്തുള്ള കനാലിലുമെല്ലാം തിരയുന്നുണ്ട്.ദൈവാധീനം എന്ന് പറയാം വല്ല്യുമ്മയുടെ കണ്ണുകളിൽ എന്നെ കണ്ടു അലറി വിളിച്ചു ഓടിയെത്തി വാരിയെടുത്ത് ചേർത്ത് നിർത്തി. ഭയം കൊണ്ടാമുഖം വാടിയതായും ഹൃദയ മിടിപ്പിന്റെ വേഗത കൂടിയതായും ഞാനറിഞ്ഞു.പിന്നീട് പലപ്പോഴും കൂടിയിരിക്കുമ്പോൾ അനുഭവം പങ്കു വെക്കുമായിരുന്നു. അപ്പഴല്ലാം ആ കണ്ണുകളിൽ ആ ദിനത്തിൽ ഇരുണ്ടു കൂടിയ കാർമേഘ പാളികൾ ഞാൻ കണ്ടിരിന്നു.

സാദിഖ് ബിൻ യഹ് യ 

No comments: